പരവൂര്‍: സേവനങ്ങള്‍ ഏകീകരിക്കുന്നതിനായി റെയില്‍വേ പുറത്തിറക്കിയ റെയില്‍ വണ്‍ ആപ്പിലെ തകരാര്‍ അധികൃതര്‍ക്ക് വന്‍ തിരിച്ചടിയായി. ആപ്പിലെ ജിയോ-ഫെന്‍സിംഗ് സംവിധാനത്തിലുണ്ടായ പാളിച്ച റെയില്‍വേയ്ക്ക് വന്‍ തലവേദനയായി മാറിയിട്ടുണ്ട്.
സ്റ്റേഷന് പരിസരത്തിന് പുറത്തുനിന്നു മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാനാവൂവെന്ന സാങ്കേതിക സുരക്ഷാ കവചം തകര്‍ന്നതോടെ, ട്രെയിനിനുള്ളില്‍ ഇരുന്നുപോലും ടിക്കറ്റ് എടുക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ദുരുപയോഗം ചെയ്ത് ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് റെയില്‍വേയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
സാധാരണയായി യുടിഎസ് ആപ്പിലും പുതിയ റെയില്‍ വണ്‍ ആപ്പിലും ട്രെയിനിനുള്ളില്‍ വച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ട്രാക്കില്‍ നിന്നും പ്ലാറ്റ്ഫോമില്‍ നിന്നും നിശ്ചിത ദൂരപരിധിക്ക് പുറത്തുനിന്നാല്‍ മാത്രമേ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കൂ.
എന്നാല്‍ ആപ്പിലെ തകരാര്‍ കാരണം ഓടുന്ന ട്രെയിനിലിരുന്നും ഇപ്പോള്‍ അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവര്‍ ടിടിഇ വരുന്നത് കണ്ടാല്‍ മാത്രം ആപ്പ് വഴി ടിക്കറ്റ് എടുക്കുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇത് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നുണ്ട്.
മാര്‍ച്ച് ആദ്യം മുതല്‍ ഈ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സബര്‍ബന്‍ റെയില്‍ ശൃംഖലയിലാണ് ഇത് ഏറ്റവും അധികം പ്രതിഫലിക്കുന്നത്. എസി ലോക്കല്‍ ട്രെയിനുകളില്‍ പരിശോധന നടത്തുമ്പോള്‍ യാത്രയ്ക്കിടയില്‍ ടിക്കറ്റ് എടുത്ത നിരവധി പേരെ ഉദ്യോഗസ്ഥര്‍ പിടികൂടി. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) വികസിപ്പിച്ച ഈ ആപ്പ് ഐആര്‍സിടിസി, യുടിഎസ് എന്നീ ആപ്പുകള്‍ക്ക് പകരമായാണ് റെയില്‍വേ അവതരിപ്പിച്ചത്.
റിസര്‍വ്ഡ്, അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ക്ക് പുറമെ പ്ലാറ്റ്ഫോം ടിക്കറ്റ്, സീസണ് ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിംഗ്, ഭക്ഷണം തുടങ്ങിയ സകല സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന വിപ്ലവകരമായ മാറ്റമായിരുന്നു റെയില്‍ വണ്‍.
എന്നാല്‍ സുരക്ഷാ സംവിധാനത്തിലെ ഈ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആശങ്ക. സെന്‍ട്രല്‍ റെയില്‍വേയിലെ പല സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് കര്‍ശന പരിശോധനയ്ക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക പിഴവ് അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐടി വിഭാഗം.